Thasmai Charitable Trust — Knowledge is God

Blog

ആരുമില്ലാത്തവർക്ക് ഗുരുദേവൻ ഒരുക്കിയ സ്വീകരണം

August 2026

ആരുമില്ലാത്തവർക്ക് ഗുരുദേവൻ ഒരുക്കിയ സ്വീകരണം

ആരുമില്ലാത്തവർക്ക് ഗുരുദേവൻ ഒരുക്കിയ സ്വീകരണം


മക്കൾക്ക് ക്ലാസ് ഉള്ളതുകൊണ്ട് Spiritual Hours ചെമ്പഴന്തിയിലെ പ്രോഗ്രാം കഴിഞ്ഞ് എത്രയും പെട്ടെന്ന് തിരികെ വരണം എന്നതായിരുന്നു ആദ്യം പ്ലാൻ... പക്ഷെ, ശിവഗിരിയിൽ പോയിട്ട് അടുത്ത ദിവസം ബാംഗ്ലൂർക്ക് തിരിക്കാമെന്ന് പിന്നീട് അവിടെ വന്ന ശേഷം തീരുമാനിച്ചു... എന്നാൽ, അന്നവിടെ സംഭവിച്ചതെല്ലാം ഗുരുദേവൻ പ്ലാൻ ചെയ്തതായിരുന്നു എന്ന് ഇപ്പോൾ മനസിലാകുന്നു… സമാധിയിൽ ഞങ്ങൾ ചെന്നപ്പോൾ കൂടെ വന്നവർ ഒക്കെ വെളുപ്പിന് പൂജയും കൂടി, തൊഴുത ശേഷം സമാധി മണ്ഡപത്തിന്റെ കവാടത്തിൽ ഇരുവശങ്ങളിലായി വളരെ അച്ചടക്കത്തോടെ നിൽക്കുന്നത് കണ്ടു... എന്താണ് എല്ലാരും ഇങ്ങനെ നിൽക്കുന്നത് എന്നൊരു ചോദ്യം പോലും എന്റെ ഉള്ളിൽ വന്നില്ല… (രാവിലെ zoom ക്ലാസ് ഉള്ളതുകാരണം ഞങ്ങൾക്ക് വെളുപ്പിന് പൂജാ സമയത്ത് അവിടെ എത്താൻ സാധിച്ചില്ല…).

🌞🌞 പ്രോഗ്രാം എല്ലാം കഴിഞ്ഞ് ഞങ്ങൾ തിരികെ ബാംഗ്ലൂർ എത്തിയപ്പോൾ ആരോ ഫേസ്ബുക്കിൽ ഈ വീഡിയോസ് പോസ്റ്റ് ചെയ്തു... ചിലർ പറഞ്ഞു, "ഗുരുവിന്റെ മുന്നിൽ സ്വീകരണം ഏർപ്പെടുത്തിയത് മോശമായി പോയി എന്ന്...". അപ്പോൾ ആണ് ആ വീഡിയോ ഒന്നും കൂടി ശ്രദ്ധിച്ചത്. കണ്ടാൽ എല്ലാരും കൂടി സ്വീകരിക്കാൻ നിൽക്കുന്നതുപോലെയെ തോന്നു... കൂടെ ഉള്ളവർ പ്ലാൻ ചെയ്ത് നടത്തിയ സ്വീകരണമായിരുന്നോ അത് എന്നറിയാൻ പിറ്റേന്ന് ക്ലാസ്സിൽ ചോദിച്ചു..അപ്പോൾ അവർ പറഞ്ഞു, "ഞങ്ങൾ ആരും ഒന്നും പ്ലാൻ ചെയ്തില്ല... സമാധിയിൽ പൂജ കഴിഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും കൂടി അവിടെ മാവിൻ ചുവട്ടിൽ ഇരിക്കുകയായിരുന്നു... അപ്പോൾ ആരോ പറഞ്ഞു ഗുരുജി വരുന്നുണ്ട് എന്ന്... അവിടെ ഇരുന്നവർ എല്ലാം ഓടി വന്ന് ഇരു വശങ്ങളിൽ ആയി നിന്നു... ആരും അങ്ങോട്ടും ഇങ്ങോട്ടും പാസ് ചെയ്തില്ല... എന്താ കാരണം എന്ന് ആർക്കും മനസിലായില്ല...". ഇത് കേട്ടപ്പോൾ എന്റെ നെഞ്ചുപൊട്ടിപ്പോയി... ആരുമില്ലാത്തവർക്ക് ഗുരുദേവൻ ഒരുക്കിയ സ്വീകരണം ആയിരുന്നു അതെന്ന് മനസിലായി... ഗുരുവിന്റെ കാരുണ്യം ലോകത്താർക്കും പറഞ്ഞാൽ മനസിലാവില്ല... അതനുഭവിച്ചറിയണം... !🌞🌞ശേഷം ഒരു സത്‌സംഗം നടത്തുക എന്നതൊന്നും ചിന്തയിൽ പോലും ഉണ്ടായിരുന്നില്ല... എന്നാൽ നമ്മുടെ തീരുമാനങ്ങൾക്കൊന്നും അവിടെ പ്രാധാന്യം ഇല്ലായിരുന്നു എന്ന് മനസിലായി... എല്ലാരേയും കണ്ട് കുറച്ചു നേരം സംസാരിക്കാം എന്ന് പറഞ്ഞ് ഗുരുജി സമാധി മണ്ഡപത്തിന് പുറത്തേക്കിറങ്ങി, Road Side-ൽ ഒരു മാവിൻ ചുവട്ടിൽ കസേരയിട്ട് ഞങ്ങൾ ഇരുന്നു.... അവിടുത്തെ കാറ്റടിക്കുമ്പോൾ തന്നെ നല്ല ഉണർവും ഊർജ്ജവുമാണ്... ഗുരുദേവന്റെ മണ്ണിലെ കാറ്റടിച്ച്, ഗുരുദേവന്റെ മുന്നിൽ കൂടിയിരുന്ന് സംസാരിക്കാൻ കിട്ടിയ ഒരവസരം…! പക്ഷെ, അകത്തിരിക്കാമെന്ന് പറഞ്ഞ് ഉടനെതന്നെ താഴെയുള്ള ഹാളിലേക്ക് ഞങ്ങളെ വിളിച്ചു... ആദ്യം കേട്ടപ്പോൾ വിഷമം തോന്നി… കാരണം, ഈ കാറ്റ് അവിടെയുണ്ടാകില്ലല്ലോ…. മനസില്ലാ മനസോടെ അവിടെ നിന്നും എഴുന്നേറ്റു…താഴേക്ക് ഇറങ്ങിയപ്പോൾ "ബ്രഹ്മവിദ്യാലയം" എന്ന ബോർഡ് കണ്ടു.🌞🌞ഉള്ളിൽ സന്തോഷവും സങ്കടവും കൂടിയുള്ള ഒരു ഭാരം...തൊണ്ട ഇടറുന്നപോലെ … ഉള്ളിന്റെയുള്ളിൽ കണ്ണുനീർ പൊടിഞ്ഞു… ശിവഗിരിയിൽ ബ്രഹ്മവിദ്യ പഠിക്കുന്ന കുട്ടികൾക്കുള്ള സ്ഥലമാണത്. അവിടെവച്ച് ഒരു സത്‌സംഗം നടത്താനും, അത് ശ്രവിക്കാനും ഗുരുദേവൻ അവസരം ഒരുക്കിതന്ന് അനുഗ്രഹിച്ചു... എന്നെ സംബന്ധിച്ച് അത് വെറും ഒരു ഹാൾ അല്ല... ആത്മവിദ്യ പഠിപ്പിക്കാനായി ഗുരുദേവൻ വിഭാവനം ചെയ്തതാണ് ശിവഗിരി ബ്രഹ്മവിദ്യാലയം. 1924 ലെ ശിവരാത്രി ദിനത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ അവസാനത്തിലാണ് ഗുരുദേവൻ ഇത് പ്രഖ്യാപിച്ചത്. 1925-ൽ തന്നെ ഗുരുദേവൻ ഈ സ്ഥാപനത്തിന് തറക്കല്ലിട്ടു. വർഷങ്ങൾക്ക് ശേഷം 1970 ഡിസംബർ 31-ന് ശങ്കരാനന്ദ സ്വാമികളാണ് ഇത് ഉദ്ഘാടനം ചെയ്തത്. ആത്മീയ വിദ്യാഭ്യാസത്തിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് ഇവിടെ ബ്രഹ്മവിദ്യ അഭ്യസിപ്പിക്കുന്നു. 7 വർഷമാണ് പഠന കാലയളവ്. അവിടെ ഇരുന്ന് ബ്രഹ്മത്തെക്കുറിച്ച് കേൾക്കാനുള്ള ഭാഗ്യം സിദ്ധിക്കുക എന്നത് ചെറിയ കാര്യമല്ല. ഈ നിമിഷവും അതിന്റെ ചാരിതാർഥ്യം അനുഭവിക്കുന്നു... ഉള്ളിൽ കണ്ണുനീർ പൊടിയുന്നു... ഗുരുദേവൻ ഇത്രമാത്രം അനുഗ്രഹിക്കാൻ എന്ത് യോഗ്യതാണ് എന്നെപ്പോലെ ഒരു കഴിവുമില്ലാത്ത ഒരു പെണ്ണിന് ഉള്ളത് എന്ന് ഒരു നിമിഷം ചിന്തിച്ചു പോകുന്നു... അറിഞ്ഞോ അറിയാതെയോ ഞങ്ങൾ ചെയ്തുപോയ തെറ്റുകൾക്ക് മാപ്പ്....! ഗുരുദേവൻ ആഗ്രഹിക്കുന്നതുപോലെ ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തരാക്കി അനുഗ്രഹിക്കണെ... ! ആരുടേയും സ്വാർത്ഥമായ ഒരാഗ്രഹവും ഇവിടേക്ക് എത്തിപ്പെടല്ലേ... ഗുരുദേവന്റെ ഇച്ഛ നടപ്പാകണം...! 🌞🌞 (നമുക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന ചേട്ടായി സ്വാമികളെയും, തിരക്കുകൾക്കിടയിലും അനുഗ്രഹ പ്രഭാഷണം നടത്തി അനുഗ്രഹിച്ച അസംഗാനന്ദഗിരി സ്വാമികളെയും നന്ദിയോടെ സ്മരിക്കുന്നു…)